പ്രഹ്ളാദസ്തുതി
ധൂര്‍ജ്ജടിം ലോകൈകനാഥം നരസിംഹ
മാര്‍ജ്ജവ വീര്യപരാക്രമ വാരിധിം
അഗ്നിനേത്രാലോകവ്യാപ്ത ജിഹ്വാമുഖ-
മഗ്നിവിഭൂതിസ്വരൂപിണമവ്യയ-
മഷ്ടഭുജോഷ്മകാനന്തവിജൃംഭണം
ദുഷ്ടനാശനഖദന്തം നമാമ്യഹം;
ഘോരഹൃദയോരുജാനുജംഘാപദം
ഭൈരവനാദത്രിലോകഭയങ്കരം
ഭൂരികരുണാജലധിം നമാമ്യഹം;
ദൂരികൃതാഘമനിശം നമാമ്യഹം;
ആകാശഭൂമിസ്ഫുരജ്ജ്യോതിരാദിമം.
സ്തോകേതരാനന്ദവിഗ്രഹം ശാശ്വതം
പാകാരി ഭർഗ്ഗാംബുജാവാസപൂജിതം
ലോകാധിനായകം വിഷ്ണും നമാമ്യഹം.
സംസാരസിന്ധുതരംഗാകുലാത്മനാം
പുംസാം മഹാമോഹനാശനം വേദാന്ത-
വേദ്യമജന്തം വിധിമുഖ്യസേവിത-
മാദ്യമജന്തം ജനാർദ്ദനം മാധവം
മീനസ്വരൂപമസുരവിനാശനം
നാനാവിധവേദ്യമംബുജാതസ്ഥിതം
അനന്ദരൂപമലേപകമവ്യയം
ജ്ഞാനസ്വരൂപമജ്ഞാനവിനാശനം
കച്ഛപസൂകരവേഷമനാദ്യന്തം
നിശ്ചലമാശ്രിതകല്പകഭൂരുഹം
കായാമ്പൂവർണ്ണം കമലവിലോചനം
മായാമയം മധുകൈടഭനാശനം
അസ്മജ്ജനകവിനാശനം നാരസിം-
ഹോദ്യൽ കളേബരം മോക്ഷദം ശാശ്വതം
നാരായണം ജഗദാസ്പദം യോഗിനാം
പാരായണം പരാത്മാനം നമാമ്യഹം.
അംബുജനാഭ! നാഗേശപര്യങ്കഗ!
ചിന്മയമേ! നിൻ പാദാസേവാസ്തു മേ.
ഭീമസ്വരൂപശാന്ത്യർത്ഥം നതോസ്മി തേ
മാമവ, സ്വാമിൻ! പരമാത്മനേ! നമഃ
നാഥ! ജയജയ നാരായണ! ജയ
പാഥോജലോചന! പത്മനാഭ! ജയ
വിഷ്ണോ! ജയജയ വിശംഭര ജയ
ജിഷ്ണുമുഖാമരസേവ്യ! ജയജയ
ദർവീകരേന്ദ്രശയന! ജയജയ
ശർവവന്ദ്യ! ശരണാഗതവത്സല!
ഭക്തപ്രിയ! ജയ പാപവിനാശന!
മുക്തിപ്രദ! മുനിവൃന്ദനിഷേവിത!
സ്ഥാവരജംഗമാചാര്യ! ജയജയ
താപസാന്തഃ സ്ഥിത! താപാപഹ! ജയ
സർവ്വലോകേശ! ജയജയ സന്തതം
പൂർവ്വദേവാരേ! പുരുഷോത്തമ! ജയ
കാമിതദായക! സോമബിംബാനന
കോമളാകാര! ജയജയ ശ്രീപതേ!
മൂന്നായ് വിളങ്ങി നിന്നീടുന്ന ലോകത്തി-
നൂന്നായ് വിളങ്ങുന്ന തമ്പുരാനെ! ഹരേ!
നിന്മഹാമായാഗുണങ്ങളിൽ നിന്നുടൻ
ബ്രഹ്മാദിമൂർത്തികളുല്പന്നരായിതു;
രാജസമായ ഗുണാശ്രിതൻ ബ്രഹ്മനും;
രാജീവനേത്രനാം വിഷ്ണു സത്വാശ്രിതൻ;
താമസമായ ഗുണാശ്രിതനായിട്ടു
കാമാരിയും; മൂർത്തിഭേദങ്ങളിങ്ങനെ
ലോക സർഗ്ഗസ്ഥിതിസംഹാരവും പുന-
രേകനായ് നീതന്നെ ചെയ്തുപോരുന്നതും
മൂന്നായ മൂർത്തികളൊന്നായ് വിളങ്ങിന
നിന്നെയും നീയൊഴിഞ്ഞാരറിഞ്ഞീടുവോർ?
വേദവും കൊണ്ടു ജലധിയിൽ പോയൊരു
മേദുരനായ ഹയഗ്രീവനെക്കൊൽവാൻ
മത്സ്യമായന്നു ഭവിച്ചതുമാശ്രിത-
വത്സലനാകുന്ന നഥ! ഭവാനല്ലൊ.
ഉർവിയും കൊണ്ടുരസാതലം പുക്കൊരു
ഗർവിതനായ ഹിരണ്യാക്ഷനെത്തദാ
ഘോണിയായ് ചെന്നവൻ തന്നെ വധിച്ചുടൻ
ക്ഷോണിയെത്തേറ്റമേല്പൊങ്ങിച്ചതും ഭവാൻ;
ഇന്നു നരസിംഹവേഷം ധരിച്ചതു-
മെന്നെ രക്ഷിപ്പതിനായിട്ടു ദൈവമേ!
അന്നന്നിവണ്ണം ഭവിക്കുന്ന സങ്കട-
മൊന്നെന്നിയേതീർത്തു ലോകങ്ങൾ പാലിപ്പാൻ
ഇത്ര കാരുണ്യം കലർന്നവരാരു മ-
റ്റിത്രിലോകത്തിങ്കൽ നാഥ! പ്രസീദ മേ.
ത്വൽ പാദ പങ്കേരുഹം മമ കേവല-
മെപ്പൊഴുമുൾപ്പൂവിൽ വാഴ്ക ധരാപതേ!
മംഗല മൂർത്തേ! നമസ്തേ നമോനമഃ
ശാർങ്ഗപാണേ! തേ നമസ്തേ നമോസ്തുതേ
സച്ചിന്മയായ നമസ്തേ നമോസ്തുതേ
വിശ്വവന്ദ്യായ നമസ്തേ നമോനമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
നിത്യായ നിഷ്കിൻചനാർത്ഥായ തേ നമഃ
വേദാന്തവേദ്യായ വിഷ്ണവേ തേ നമോ
വേദസ്വരൂപായ നിത്യം നമോസ്തുതേ."
ഇത്തരം ചൊല്ലി സ്തുതിച്ചാൻ പലതര-
മുത്തമനായൊരു ഭക്തജനോത്തമൻ
പ്രഹ്ളാദസ്തുതിയുടെ ഐതിഹ്യം
നിസ്വാർത്ഥമായ ഭക്തികൊണ്ട് അമൂർത്തമായ ഈശ്വര ചൈതന്യത്തെ മൂർത്തിയാക്കി പ്രത്യക്ഷപ്പെടുത്തിയ പുരാണ കഥാപാത്രമാണ് ഭക്ത പ്രഹ്ലാദൻ.
പുരാണത്തിൽ ഹിരണ്യകശിപുവിന്റെ പുത്രനായിരുന്നു പ്രഹ്ലാദൻ. തികഞ്ഞ വിഷ്ണുഭക്തനായിരുന്നു അദ്ദേഹം . ഇദ്ദേഹത്തിന്റെ വിഷ്ണുഭക്തി കാരണമാണ് മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹം ഉണ്ടായത്.
ദുഷ്ടനായ ഹിരണ്യ കശ്യപുവിനെ നരസിംഹമൂർത്തി വധിക്കുന്നു. അതിനു ശേഷം പ്രഹ്ലാദനെ ദൈത്യരാജാവായി അവരോധിച്ചു.
അസുരവംശജനായിട്ടും പ്രഹ്ലാദൻ തികഞ്ഞ വിഷ്ണുഭക്തനായി മാറാൻ കാരണമായ ഒരു കഥയുണ്ട്. അസുരരാജാവായ ഹിരണ്യാക്ഷൻ ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി വരം നേടി ദേവലോകം ആക്രമിച്ച് കീഴടക്കുകയും ഭൂമീദേവിയെത്തന്നെ പാതാളത്തിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതെത്തുടർന്ന് വിഷ്ണുഭഗവാൻ, വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനെ വധിച്ചു. ഹിരണ്യാക്ഷന്റെ സഹോദരനായിരുന്ന ഹിരണ്യകശിപു ഇതിൽ കുപിതനായി. തന്റെ സഹോദരനെ വധിച്ചത് വിഷ്ണുവാണെന്ന് മനസ്സിലാക്കിയ അയാൾ ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ തപസ്സ് തുടങ്ങി. അയാളുടെ തപസ്സിൽ സംപ്രീതനായ ബ്രഹ്മാവിൽ നിന്ന് അയാൾ വരം നേടി. അതിങ്ങനെയായിരുന്നു: തന്റെ മരണം രാത്രിയോ പകലോ ആകരുത്, വീടിനകത്തോ പുറത്തോ ആകരുത്, ആകാശത്തോ ഭൂമിയിലോ ആകരുത്, ആയുധങ്ങൾ കൊണ്ടോ വെറും കൈ കൊണ്ടോ ആകരുത്, അന്തകൻ ദേവനോ മനുഷ്യനോ പക്ഷിമൃഗാദികളോ ആകരുത്. വരബലത്തിൽ അഹങ്കാരിയായ ഹിരണ്യകശിപു ജനദ്രോഹിയായി. സഹോദരനെപ്പോലെ അയാളും ദേവലോകം ആക്രമിച്ചുകീഴടക്കി ദേവന്മാരെ സ്ഥാനഭ്രഷ്ടരാക്കി. ഇതിൽ ദുഃഖിതരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. താൻ ഉടനെ പ്രശ്നപരിഹാരം നടത്തിക്കൊള്ളാമെന്ന് ഭഗവാൻ അവർക്ക് വാക്കുകൊടുത്തു.
ഇതിനിടയിൽ ഹിരണ്യകശിപുവിന്റെ ഭാര്യയായ കയാധു ഗർഭിണിയായി. സുന്ദരിയായ കയാധുവിനെ കണ്ടുമയങ്ങിയ ദേവേന്ദ്രൻ അവളെ ബന്ദിയാക്കി ഹിരണ്യകശിപുവിനോട് പക വീട്ടാൻ ശ്രമിച്ചെങ്കിലും നാരദമഹർഷിയുടെ ആവശ്യപ്രകാരം അവളെ വിട്ടയച്ചു. തുടർന്ന്, കയാധുവിനെ തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ മഹർഷി, അവൾക്ക് വിഷ്ണുകഥകൾ ധാരാളം പറഞ്ഞുകൊടുത്തു. ആശ്രമത്തിൽ വച്ചുതന്നെ കയാധു പ്രഹ്ലാദന് ജന്മം നൽകി. മാതൃഗർഭത്തിലായിരിയ്ക്കേത്തന്നെ വിഷ്ണുകീർത്തനങ്ങളും മറ്റും കേൾക്കാനിടയായ പ്രഹ്ലാദൻ തന്മൂലം ബാല്യം മുതലേ തികഞ്ഞ വിഷ്ണുഭക്തനായി മാറി. വളർന്നപ്പോൾ ഗുരുകുലത്തിൽ പഠിയ്ക്കാൻ പോയ പ്രഹ്ലാദൻ ഗുരുവടക്കം അവിടെയുള്ളവരെയും തികഞ്ഞ വിഷ്ണുഭക്തരാക്കി മാറ്റി.
ഇതിനിടയിൽ ഹിരണ്യകശിപു തന്റെ രാജ്യത്ത് വിഷ്ണുപൂജ നിരോധിച്ചു. ആരും വിഷ്ണുവിനെ പൂജിയ്ക്കരുതെന്നും, തന്നെ മാത്രമേ പൂജിയ്ക്കാൻ പാടൂ എന്നും അയാൾ ആജ്ഞാപിച്ചു. നിയമം ലംഘിച്ച നിരവധി പേർ വധശിക്ഷയ്ക്ക് വിധേയരായി. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ പുത്രൻ ശത്രുവിനെ ഭജിയ്ക്കുന്നത് അസഹനീയമായിത്തോന്നിയ ഹിരണ്യകശിപു അവനെ വധിയ്ക്കാൻ പല രീതിയിലും ശ്രമിച്ചു. കൊക്കയിലും കടലിലും വലിച്ചെറിഞ്ഞും പാമ്പിന് തിന്നാൻ കൊടുത്തുമൊക്കെ വധശ്രമം നടത്തി. എന്നാൽ, ഭഗവദ്കൃപ മൂലം തദവസരങ്ങളിലെല്ലാം അവൻ രക്ഷപ്പെട്ടു. ഇത് ഹിരണ്യകശിപുവിനെ പൂർവ്വാധികം കോപിഷ്ഠനാക്കി. അയാൾ തന്റെ സഹോദരിയായ ഹോളികയെ അതിനായി വിളിച്ചുകൊണ്ടുവന്നു. ശരീരം ഒരിയ്ക്കലും അഗ്നിയിൽ ദഹിച്ചുപോകില്ല എന്ന വരം ഹോളിക ബ്രഹ്മാവിൽ നിന്ന് കരസ്ഥമാക്കിയിരുന്നു. ഇതറിയാമായിരുന്ന ഹിരണ്യകശിപു തന്മൂലം പ്രഹ്ലാദനെ തീകൊടുത്തുകൊല്ലാനാണ് തീരുമാനിച്ചത്. വിറക് ശേഖരിച്ച് കൊളുത്താനായി തീയും കൊണ്ടുവന്നശേഷം പ്രഹ്ലാദനെയും ഹോളികയെയും വിറകിനുമുകളിൽ കിടത്തി. തുടർന്ന്, ഹിരണ്യകശിപു തീകൊളുത്തി. എന്നാൽ, പ്രഹ്ലാദൻ വീണ്ടും രക്ഷപ്പെടുകയാണ് ചെയ്തത്. ഹോളികയുടെ വരം നിഷ്ഫലമാകുകയും അവൾ തീയിൽ വെന്തുമരിയ്ക്കുകയും ചെയ്തു.
തുടർന്ന് പൂർവ്വാധികം കോപിഷ്ഠനായ ഹിരണ്യകശിപു ഒരു ദിവസം സന്ധ്യയ്ക്ക് 'എവിടെ നിന്റെ ഭഗവാൻ?' എന്ന ചോദ്യം പ്രഹ്ലാദനോട് ചോദിച്ചു. 'ഭഗവാൻ തൂണിലും തുരുമ്പിലും സർവ്വതിലുമുണ്ട്' എന്ന് പ്രഹ്ലാദൻ മറുപടി പറഞ്ഞു. ഇത് കേട്ടപാടേ കോപാക്രാന്തനായ ഹിരണ്യകശിപു അടുത്തുകണ്ട ഒരു തൂൺ തന്റെ ഗദ കൊണ്ട് അടിച്ചുതകർത്തു. ആ നിമിഷം, ഉഗ്രരൂപനായ നരസിംഹമായി വിഷ്ണുഭഗവാൻ പുറത്തുചാടി. വരത്തിൽ പറഞ്ഞതുപോലെ പകലും രാത്രിയുമല്ലാത്ത സന്ധ്യാസമയത്തായിരുന്നു നരസിംഹാവതാരം. സിംഹത്തിന്റെ തലയും മനുഷ്യന്റെ ഉടലുമുണ്ടായിരുന്ന നരസിംഹം തന്മൂലം മനുഷ്യനോ ദേവനോ മൃഗമോ ഒന്നുമല്ലായിരുന്നു. ഹിരണ്യകശിപുവിനെ എടുത്തുകൊണ്ടുപോയ ഭഗവാൻ അയാളെ തന്റെ മടിയിൽ കിടത്തി കയ്യിലെ നഖങ്ങൾ ഉപയോഗിച്ച് മാറുകീറിപ്പിളർത്തിക്കൊന്നു. കൊട്ടാരത്തിന്റെ ഉമ്മറപ്പടിയിൽ വച്ചാണ് ഇത് സംഭവിച്ചത്. അങ്ങനെ, വരത്തിന്റെ മറ്റ് നിബന്ധനകളും പാലിയ്ക്കപ്പെട്ടു. ഹിരണ്യകശിപുവിനെ വധിച്ചിട്ടും കോപമടങ്ങാതെ നിന്ന ഭഗവാൻ, പ്രഹ്ലാദന്റെ സ്തുതിഗീതങ്ങൾ കേട്ട് ശാന്തരൂപനായി അവനെ അനുഗ്രഹിച്ചശേഷം അപ്രത്യക്ഷനായി.